
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി–വിജിൽ (cVIGIL) മൊബൈൽ ആപ്പ് വഴി അധികാരികളെ അറിയിക്കാം. മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ ഈ ആപ്ലിക്കേഷൻ പ്രവർത്തനസജ്ജമാണ്. പണം, മദ്യം, ലഹരിമരുന്ന് എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, അനുവദനീയമല്ലാത്ത സമയത്തുള്ള ഉച്ചഭാഷിണി ഉപയോഗം, പോസ്റ്ററുകൾ പതിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ചാലുടൻ ലൊക്കേഷൻ തിരിച്ചറിഞ്ഞ് അന്വേഷണ സംഘം സ്ഥലത്തെത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. പരാതിയിൽ സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.