
പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പാട്രിയറ്റ്', ഇരുപത്തിനാലാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലെ (IFFLA) ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന മേളയിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണമാണ് ഈ ചിത്രം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാൻ, ജപ്പാൻ, സൗദി അറേബ്യ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മാറ്റുരയ്ക്കുന്ന മേളയിൽ, "വിമത ശബ്ദങ്ങൾ ദേശസ്‌നേഹത്തിന്റേതാണ്.. രാജ്യദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ" എന്ന ടാഗ്‌ലൈനുമായാണ് ചിത്രം എത്തുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഏപ്രിൽ 23-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.